ഹോംനാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം

നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം


1964ല്‍ സ്ഥാപിതമായ ഈ മ്യൂസിയം ജീവശാസ്ത്രസംബന്ധമായ പ്രദര്‍ശ\നവസ്തുക്കളാല്‍ സമ്പന്നമായി ഇന്ത്യയിലെ മറ്റു നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയങ്ങളില്‍ വളരെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. വന്യജീവികളുടേയും അവയുടെ പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടത്തിന്റെ  ആവശ്യകത ബോധ്യപ്പെടും വിധത്തില്‍ ജീവികളെ സ്റ്റഫ് ചെയ്തു വച്ചിരിക്കുന്നതും മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും വളരെ വിജ്ഞാനദായകവും കൗതുകകരവുമാണ്.

സൂക്ഷ്മ ജീവികള്‍ മുതല്‍ തിമിംഗലങ്ങള്‍ വരെ എല്ലാ വിഭാഗം ജീവികളേയും കുറിച്ച് അറിവുനല്കുന്നവിധത്തില്‍ ഇവിടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നു. തിരുവിതാംകൂറിലെ പക്ഷികളെക്കുറിച്ച് പഠിക്കുവാന്‍ പക്ഷി ശാസ്ത്രജ്ഞനായ ഡോ.സലിം അലി ശേഖരിച്ച പക്ഷികളുടെ ഒരു വലിയ ശേഖരം ഇവിടെ സ്റ്റഫ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കൂടാതെ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ആമകളില്‍ ഏറ്റവും വലിയ തോലന്‍ ആമ (leatherback turtle) യുടെ ഒരു മോഡല്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.


 

 


1853ല്‍ ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന് മനുഷ്യശരീര ശാസ്ത്രം പഠിക്കുന്നതിനുവേണ്ടി ആനക്കൊമ്പില്‍ നിര്‍മ്മിച്ച ഒരു മനുഷ്യന്റെ അസ്ഥികൂടം തനിമ നഷ്ടപ്പെടാതെ ഇവിടെ കാണാം. പരിണാമസിദ്ധാന്തം സമര്‍ത്ഥിക്കുവാനായി ഉറാങ് ഉട്ടാന്‍, ചിമ്പാന്‍സികള്‍, ഗിബ്ബണ്‍, മനുഷ്യന്‍ എന്നിവരുടെ യഥാര്‍ത്ഥ അസ്ഥികൂടങ്ങളും ഇവിടെ കാണാം.

ആന, കാട്ടുപോത്ത്, മ്ലാവ്, ടപ്പീര്‍ എന്നിവയുടെ അസ്ഥികൂടങ്ങളും പ്രദര്‍ശനത്തില്‍പെടുന്നു. 80 അടിയോളം വലിപ്പമുള്ള ഒരു തിമിംഗലത്തിന്റെ 18 അടി നീളമുള്ള താടിയെല്ല് കൗതുകകരമായ കാഴ്ചയാണ്. ജീവപരിണാമശ്രേണിയിലെ ആദ്യ കണ്ണികളായിരുന്ന ഏകകോശജീവികളായ അമീബ മുതലുള്ള നട്ടെല്ലില്ലാത്ത ജീവികളുടെ കണ്ണാടിമാതൃകകള്‍ അപൂര്‍വ്വ  കാഴ്ചയാണ്.ജീവികളുടെ വിവിധ അവയവങ്ങളുടെ ആന്തരികഘടനകളുടെ താരതമ്യപഠനം നടത്തുവാന്‍ സഹായിക്കുന്ന ഇന്‍ഡെക്സ്‌ ഗ്യാലറി ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് വളരെയേറെ ഉപയോഗപ്രദമാണ്. അനേകായിരം സമുദ്രജീവികളുടെ അസ്ഥിപഞ്ജരങ്ങള്‍ വെള്ളത്തിനടിയില്‍ വീണുറഞ്ഞ് പാറയായി രൂപാന്തരപെടുന്നതാണ് ലൈംസ്റ്റോണ്‍. ഇത് മിനുസപ്പെടുത്തിയെടുത്തിരിക്കുന്ന ഒരു മേശ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. നരവംശശാസ്ത്ര വിഭാഗത്തില്‍, കേരളത്തിലെ പ്രധാന ആദിവാസി വിഭാഗങ്ങളായ തണ്ടപ്പുലയ, കാണിക്കാര്‍, മലമ്പണ്ടാരം, മുതുവാന്‍, മന്നന്‍, ചോലനായ്ക്കന്‍ എന്നിവരുടെ മാതൃകകള്‍ വളരെ ഭംഗിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കേരളത്തിലെ ഒരു പഴയ നാലുകെട്ടിന്റെ മാതൃക, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീ പുരുഷ വസ്ത്രധാരണ രീതി എന്നിവയും ഇവിടെ കാണാം.