ഹോംആര്‍ട്ട്മ്യൂസിയം (നേപ്പിയര്‍ മ്യൂസിയം)

ആര്‍ട്ട്മ്യൂസിയം (നേപ്പിയര്‍ മ്യൂസിയം)


1855 ല്‍ തിരുവിതാംകൂറില്‍ ആദ്യമായൊരു മ്യൂസിയത്തിന് പ്രവര്‍ത്തന അനുമതി ലഭിക്കുകയും 1857 സെപ്റ്റംബര്‍ മാസം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും ഉണ്ടായി. പ്രാരംഭദശയിലുണ്ടായിരുന്ന മ്യൂസിയത്തിന്‍റെ കെട്ടിടം പൊളിച്ചു മാറ്റിയ ശേഷം 1874ല്‍ ഇപ്പോള്‍ കാണുന്ന നേപ്പിയര്‍ മ്യൂസിയത്തിന് തറക്കല്ലിടുകയായിരുന്നു. അന്നത്തെ മദ്രാസ് ഗവണ്മെന്റിന്‍റെ വാസ്തുശില്പകലാ ഉപദേഷ്ടാവായിരുന്ന ചിഷോമിന്റെ ചുമതലയില്‍ 1880ല്‍ ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് അന്നത്തെ മദിരാശി ഗവര്‍ണറായിരുന്ന ലോര്‍ഡ്‌ നേപ്പിയറിന്റെ സ്മരണാര്‍ത്ഥം നേപ്പിയര്‍ മ്യൂസിയം എന്നു നാമകരണം ചെയ്യുകയായിരുന്നു. ഇന്നും തിരുവനന്തപുരം നഗരത്തില്‍ വാസ്തുശില്പകലാ ചാതുര്യത്താല്‍ ഒരു തിലകക്കുറിയായി ഈ കെട്ടിടം തലയുയര്‍ത്തി  നില്ക്കുന്നു.

മൂന്നു വലിയ ഹാളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇടനാഴികളാണ് ഈ കെട്ടിടത്തിന്റെ പോതുഘടന. അഞ്ഞൂറിലധികം വരുന്ന ഇവിടുത്തെ പ്രദര്‍ശന വസ്തുക്കളില്‍ ലോഹ ദാരു ശിലാ വിഗ്രഹങ്ങള്‍ പ്രധാന ആകര്‍ഷണങ്ങലാണ്. ഈ മ്യൂസിയം ഇന്ത്യയിലെ ആദ്യകാല മ്യൂസിയങ്ങളില്‍ ഒന്നാണ്. ദക്ഷിണഭാരത ശില്പകലയുടെ ശേഖരങ്ങളാണ് ഇവിടെയുള്ള പ്രധാന പ്രദര്‍ശനവസ്തുക്കളെങ്കിലും ഭാരതീയ ശില്പകലയുടെ വിവിധ മാതൃകകളും ഇവിടെയുണ്ട്. മതങ്ങളുടെ സ്വാധീനം മറ്റു കലകളിലെന്ന പോലെ ദക്ഷിണേന്ത്യന്‍ ശില്പകലകളിലും ഏറെ കാണപ്പെടുന്നതിന്റെ ഉദാഹരണമാണ്‌ ലോഹ ദാരു ശിലാ വിഗ്രഹങ്ങളിലെ പ്രമേയങ്ങളെല്ലാം ദൈവസങ്കല്പ്പങ്ങളാകുന്നത്.


കൂടാതെ ദന്തശില്പങ്ങള്‍, പുരാതന നാണയങ്ങള്‍, സ്റ്റാമ്പുകള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയവയും കാണികള്‍ക്ക് കൗതുകവും വിജ്ഞാനവും നല്കിക്കൊണ്ട് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. കൂടാതെ വേലുത്തമ്പി ദളവയുടെ വാള്‍, പിത്തള, ഓട് എന്നിവകൊണ്ട് നിര്‍മ്മിച്ച വിവിധയിനം വിളക്കുകള്‍, പ്ലാസ്റ്റര്‍ കാസ്റ്റുകള്‍, വിവിധ സംഗീതോപകരണങ്ങള്‍, ദന്തശില്പങ്ങള്‍, വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവയും ഇവിടെയുള്ള പ്രദര്‍ശന വസ്തുക്കളില്‍പ്പെടുന്നു.

ലോഹവിഗ്രഹങ്ങള്‍

   


നടരാജനൃത്തം, ശാസ്താ വിഗ്രഹം, അര്‍ദ്ധനാരീശ്വരന്‍, ശിവനും സതിയും, ഗജതാണ്ഡവം, ഭിക്ഷാടനമൂര്‍ത്തി , ഗണേശന്‍, സുബ്രഹ്മണ്യന്‍, ഷണ്മുഖന്‍ തുടങ്ങിയവ.

 

ദാരുശില്പങ്ങള്‍

തിരുനന്ദിക്കര ക്ഷേത്ര മണ്ഡപം, പത്മനാഭപുരത്തെ രഥം, പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പവിമാനം, ബ്രഹ്മാവ്‌, വിഷ്ണു, നരസിംഹം, ഭക്ഷിണാമൂര്‍ത്തി തുടങ്ങിയവ.

 

ദന്തശില്പങ്ങള്‍

 

 

ദന്ത  ശില്പ നിര്‍മാണ കല പുരാതന കാലം മുതല്‍ക്കു തന്നെ ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒന്നാണ്. ഹൈന്ദവ പുരാണങ്ങളിലെ ദേവി ദേവന്മാരുടെ രൂപങ്ങള്‍ ഭംഗിയായും ശിലാചാരുതയോടും കൂടി ആനക്കൊമ്പില്‍ കൊത്തിയെടുക്കുന്ന ഈ കല വ്യാവസായികമായും പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെ പ്രദര്‍ശിപ്പിചിരിക്കുന്ന ശില്പങ്ങളില്‍ രാധാകൃഷ്ണ ലക്ഷ്മി ശിവപാര്‍വതി എന്നിവ ശ്രദ്ധേയമാണ്.

 

ശിലാവിഗ്രഹങ്ങള്‍

വിഷ്ണു, അഗസ്ത്യമുനി, ബുദ്ധ വിഗ്രഹങ്ങള്‍ തുടങ്ങിയവ.

 

നാണയങ്ങള്‍

 

 

നാണയങ്ങള്‍ ഒരു രാഷ്ട്രത്തിന്‍റെ കലകളുടേയും സമ്പദ് വ്യവസ്ഥയുടേയും തെളിവുകള്‍ മാത്രമല്ല, ചരിത്രത്തിലേയ്ക്കും രാഷ്ട്രീയത്തിലേയ്ക്കും വെളിച്ചം വീശുന്നവയും കൂടിയാണ്. തിരുവനന്തപുരം ആര്‍ട്ട് മ്യൂസിയത്തില്‍ 100 ബി.സി മുതല്‍ 249 എ.ഡി വരെയുള്ള ശതവാഹന നാണയങ്ങളുടെ ഒരു വന്‍ശേഖരം ഉണ്ട്. ഇവകൂടാതെ പ്രാചീന, മദ്ധ്യ, ആധുനിക കാലഘട്ടങ്ങളിലെ ചേര, ചോള, വിജയനഗര ശിവഗംഗ നാണയങ്ങള്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ നാണയങ്ങള്‍ക്ക് പുറമെ വിദേശ നാണയങ്ങള്‍ ആയ റോമന്‍, ഡച്ച്, പേര്‍ഷ്യന്‍, ചൈനീസ്, തുര്‍ക്കി നാണയങ്ങളുമുണ്ട്. 

 

വേലുത്തമ്പി ദളവയുടെ വാള്‍

അന്നത്തെ കിളിമാനൂര്‍ കൊട്ടാരത്തിലെ രാജാവിനു മണ്ണടി പാലായന മദ്ധ്യേ വേലുത്തമ്പി ദളവ സമ്മാനിച്ച അമൂല്യമായ വാള്‍ 1957ല്‍ ഭാരതത്തിലെ പ്രഥമ രാഷ്ട്രപതി ആയ ഡോ.രാജേന്ദ്രപ്രസാദിനു സമ്മാനിക്കുയുണ്ടായി. 2010 ജൂണ്‍ 20 വരെ ഇത് ഡല്‍ഹി നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നു. ഇപ്പോര്‍ തിരുവനന്തപുരം ആര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യകാല പോരാളികളില്‍ ഒരാളായിരുന്ന വേലുത്തമ്പി ദളവ (1765-1809) തലക്കുളത്തെ കല്‍ക്കുളം ഗ്രാമത്തില്‍ ജനിച്ചു. അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തെ മഹാരാജാവ് ബാലരാമവര്‍മ്മയുടെ ദളവ(പ്രധാനമന്ത്രി) ആയി 1802 മുതല്‍  1809 വരെ സേവനം അനുഷ്ടിച്ചിരുന്നു.